വൈഎസ്ആര്‍ടിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കും?; വൈ.എസ്.ശര്‍മിള സോണിയയെ കണ്ടു
ന്യൂഡല്‍ഹി: വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്.ശര്‍മിള കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഡല്‍ഹിയിലെത്തി കണ്ടു. വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ അടക്കമുള്ളവരുമായാണ് ശര്‍മിള ചര്‍ച്ച നടത്തുന്നത്. അടുത്ത തെലുങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് വൈഎസ്ആര്‍ടിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ കുറച്ചുനാളുകളായി ശക്തമാണ്.
ലയനം സാധ്യമായാല്‍ ശര്‍മിളയ്ക്കും അടുത്ത അനുയായികള്‍ക്കും തെലുങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തേ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാമെന്നാണ് ശര്‍മിള ആലോചിച്ചിരുന്നത്. എന്നാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുമായി ലയിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് വിവരം.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും സഹോദരനുമായ വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയുമായി അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെയാണ് ശര്‍മിള മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് തെലുങ്കാനയിലേക്ക് ശ്രദ്ധ മാറ്റിയത്.
Leave A Comment