അദാനിക്കെതിരെ അന്വേഷണം വരില്ല, നടന്നാൽ യഥാർഥ നഷ്ടം 'വേറൊരാൾക്ക്': രാഹുൽ
റായ്പുർ: അദാനി ഗ്രൂപ്പിനെതിരായ ഓഹരിത്തട്ടിപ്പ് ആരോപണങ്ങൾ ബിജെപി സർക്കാർ അന്വേഷിക്കില്ലെന്നും അങ്ങനെ സംഭവിച്ചാൽ യഥാർഥത്തിൽ നഷ്ടം വരിക "മറ്റൊരാൾ'ക്കാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഛത്തിസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിനിടെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.ബിജെപി ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് ഒടിച്ചെന്നും നോട്ട്നിരോധനം, ജിഎസ്ടി എന്നിവയിലൂടെ ചെറുകിട കച്ചവടക്കാരെ സർക്കാർ മനഃപൂർവം ഇല്ലാതാക്കിയെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഛത്തിസ്ഗഡ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിലവിലുള്ള സർക്കാരുകളും മധ്യപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ അധികാരമേൽക്കാൻ പോകുന്ന കോൺഗ്രസ് സർക്കാരുകളും പാവങ്ങളുടെ സർക്കാർ ആയിരിക്കും; ഇവ അദാനിയുടെ കൈയാൾ ആയിരിക്കില്ല.
എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരുപാട് സീറ്റുകൾ നേടുമെന്ന് ബിജെപി അവകാശപ്പെടും. ഇതേ അവകാശവാദം ഉന്നയിച്ച കർണാടകയിലെ പാവപ്പെട്ടവരെല്ലാം കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Leave A Comment