ദേശീയം

‘വാർത്ത റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാണോ?’ എഡിറ്റേഴ്സ് ഗിൽഡ് കേസിൽ സുപ്രീം കോടതി

ന്യൂഡല്‍ഹി: മണിപ്പൂരിലെ നേർചിത്രം പുറത്തുകൊണ്ടുവന്ന ‘എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ’യെ നിശബ്ദരാക്കാനുള്ള കേന്ദ്ര ശ്രമത്തിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. വാർത്ത റിപ്പോർട്ട് ചെയ്യുന്നത് കുറ്റമാണോയെന്ന് കോടതി ചോദിച്ചു. കേസില്‍ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് പാടില്ലെന്ന് കോടതി. തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു.

മണിപ്പൂരിലെ വംശീയ സംഘർഷത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ വിലയിരുത്താൻ പോയ എഡിറ്റേഴ്സ് ഗിൽഡിന്റെ വസ്തുതാന്വേഷണ സംഘത്തിലെ മൂന്ന് പേർക്കെതിരെയും ഗിൽഡ് പ്രസിഡന്റിനെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. സംഘം സമർപ്പിച്ച റിപ്പോർട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്പോൺസർ ചെയ്തതാണെന്നുമാണ് പരാതിക്കാരൻ്റെ ആരോപണം. മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്താൻ റിപ്പോർട്ട് ഇടയാക്കിയെന്നും പരാതിക്കാരൻ വാദിക്കുന്നു.

ഈ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എഡിറ്റേഴ്സ് ഗിൽഡ് സുപ്രീം കോടതിയെ സമീപിച്ചത്. എഫ്‌ഐആറിൽ പറയുന്നതുപോലെ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്താൻ റിപ്പോർട്ട് കരണമായതിന് തെളിവില്ലെന്നും കേവലം ഒരു റിപ്പോർട്ട് നൽകിയാൽ എങ്ങനെ കുറ്റകൃത്യമാകുമെന്നും കോടതി പറഞ്ഞു. ‘പ്രഥമദൃഷ്ട്യാ, എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്ന കുറ്റകൃത്യത്തിന് തെളിവില്ല’-വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഈ കേസില്‍ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിന് ശേഷമായിരിക്കും ഈ കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്നും ഡല്‍ഹി കോടതിയിലേക്ക് മാറ്റുന്നതിനെ കുറിച്ചുമൊക്കെ തീരുമാനമെടുക്കുന്നത്.

Leave A Comment