ദേശീയം

‘ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കി’; അധീര്‍ രഞ്ജന്‍ ചൗധരി

ദില്ലി: പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന് മുന്നോടിയായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഒഴിവാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഭരണഘടനയുടെ പുതിയപതിപ്പില്‍ ഈ വാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് സെക്യുലര്‍ എന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഈ വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുന്നില്ലെന്നത് ആശങ്കവഹമാണ്’ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇവ വളരെ കൗശലപൂര്‍വമാണ് മാറ്റിയതെന്നും ഇതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും ചൗധരി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ്, പാര്‍ലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, സ്മാരക നാണയം, സ്റ്റാമ്പ് എന്നിവ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ദിനത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ചൊവ്വാഴ്ച നല്‍കിയിരുന്നു.

Leave A Comment