ദേശീയം

സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; മൂന്ന് മരണം

വിജയവാഡ: ആന്ധ്രാപ്രദേശില്‍ ബസ് അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് നിയന്ത്രണം വിട്ട് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിജയവാഡ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ചയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ബസ് പെട്ടെന്ന് തന്നെ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി മുന്നോട്ടുനീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈസമയത്ത് ബസില്‍ 24 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പ്ലാറ്റ്‌ഫോമില്‍ ബസ് കാത്തുനിന്നവരാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി എപിഎസ്ആര്‍ടിസി വൈസ് ചെയര്‍മാന്‍ ദ്വാരക തിരുമല റാവു അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സ എപിഎസ്ആര്‍ടിസി വഹിക്കും. 60 വയസ് പ്രായം വരുന്നയാളായിരുന്നു ഡ്രൈവര്‍. ബസിന് തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഡ്രൈവറുടെ പിഴവ് കൊണ്ടാണോ അതോ സാങ്കേതിക തകരാര്‍ മൂലമാണോ എന്നതടക്കം അന്വേഷിക്കുമെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു.

Leave A Comment