ദേശീയം

അയോധ്യ നഗരി ഒരുങ്ങിക്കഴിഞ്ഞു; ജനുവരി 22ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

ന്യൂഡൽഹി: അക്ഷരാര്‍ഥത്തില്‍ ഒരുങ്ങി അയോധ്യ. പുതിയ റെയില്‍വെ സ്റ്റേഷനും വിമാനത്താവളവും ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. അഞ്ചു നൂറ്റാണ്ടിനിപ്പുറം മടങ്ങിയെത്തുന്ന രാമനായി അയോധ്യനഗരി തന്നെ പുനര്‍ നിര്‍മിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ഇനി വെറും 25 നാള്‍. അഞ്ചു നൂറ്റാണ്ടിനിപ്പുറം മടങ്ങിയെത്തുന്ന രാമനായി അയോധ്യ നഗരി അക്ഷരാര്‍ത്ഥത്തില്‍ ഒരുങ്ങി കഴിഞ്ഞു. റെയില്‍വെ സ്റ്റേഷന്‍ മുതല്‍ സരയൂ തീരം വരെ പുതിയ നിര്‍മിതികളാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രം നാടിനായി സമര്‍പ്പിക്കുന്നത്. ഇതിനുമുന്നോടിയായി പുതിയ റെയില്‍വെ സ്റ്റേഷനും വിമാനത്താവളവും പ്രവര്‍ത്തനം ആരംഭിക്കും. ഡിസംബര്‍ 30 ന് ഏറ്റവും മികച്ച വിമാനത്താവളവും റെയില്‍ സ്റ്റേഷനും നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

റോഡ് ഷോയിലൂടെ ജനങ്ങള്‍ക്കൊപ്പമെത്തി മോദി പുതിയ റെയില്‍വെ സ്റ്റേഷന് പച്ചക്കൊടി കാണിക്കും. അതിനുശേഷം വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. എഴുപതേക്കറില്‍ ഉയരുന്ന രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മാണം ജനുവരി 15ന് പൂര്‍ത്തീകരിക്കും. പിന്നീട് ഒരാഴ്ച ക്ഷേത്ര പരിസര ശുചീകരണവും മോടി പിടിപ്പിക്കലുമാണ് നടക്കുക. ചെമ്പും സ്വര്‍ണ്ണവും കൊണ്ടാണ് ആറിഞ്ചു വീതിയുള്ള തേക്കിന്‍ തടിയില്‍ തീര്‍ത്ത ശ്രീകോവിലിന്റെ വാതിലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗ്രാനൈറ്റ് കൊണ്ടാണ് ക്ഷേത്ര നിര്‍മാണം.

Leave A Comment