ദേശീയം

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരില്‍ തുടക്കമാകും

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരില്‍ തുടക്കമാകും. 6700 കിലോമീറ്റര്‍ ദൂരമാണ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പില്‍ താണ്ടുക. വീണ്ടും വെടിവെപ്പുണ്ടായ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മണിപ്പൂരില്‍ ഒരുക്കിയിരിക്കുന്നത്.

മണിപ്പൂര്‍ തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്തു നിന്നാണ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ആരംഭിക്കുക. ഇംഫാലിലെ പാലസ് ഗ്രൗണ്ട്, യാത്രയുടെ ഉദ്ഘാടനത്തിന് അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഉദ്ഘാടന വേദി തൗബലിലേക്ക് മാറ്റിയത്. റാലി ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേരുകള്‍ മുന്‍കൂട്ടി നല്‍കണമെന്നും ഫ്ളാഗ് ഓഫിന് നിയന്ത്രിത എണ്ണം പ്രവര്‍ത്തകര്‍ മാത്രമേ പങ്കെടുക്കാവൂ തുടങ്ങിയ ഉപാധികളോടെയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

നേരത്തെ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. മണിപ്പൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഉത്തര്‍പ്രദേശ്, മേഘാലയ, ബിഹാര്‍ അടക്കം 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളില്‍ കാല്‍നടയായും സഞ്ചരിക്കും.110 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 100 ലോക്‌സഭാ സീറ്റുകളും, 337 നിയമസഭാ സീറ്റുകളും സന്ദര്‍ശിക്കും. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും, പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെയും സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

Leave A Comment