ദേശീയം

ബിജെപിക്കും ആർഎസ്എസിനും മണിപ്പൂർ ഇന്ത്യയിലല്ലെന്ന ഭാവം': രാഹുൽ ഗാന്ധി

ഇംഫാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിലെ ഥൌബലിൽ തുടക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽ ഗാന്ധിക്ക് പതാക കൈമാറിയതോടെ യാത്രക്ക് തുടക്കമായി. മണിപ്പൂരിലെ സാഹചര്യം സൂചിപ്പിച്ച് നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ചാണ് രാഹുലും ഖർഗെയും യാത്രക്ക് തുടക്കമിട്ടത്. മണിപ്പൂരിനെ സമാശ്വസിപ്പിക്കാൻ ഇന്ന് വരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് രാഹുൽ തുറന്നടിച്ചു. മണിപ്പൂർ ഇന്ത്യയിലല്ലെന്നാണ് ബിജെപിയുടെയും ആർഎസ് എസിന്റെയും ഭാവം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഈ യാത്ര.  

നമ്മുടെ മൂല്യങ്ങൾ നമുക്ക് നഷ്ടപ്പെടുന്നു. ഒരിക്കലും കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളാണ് മണിപ്പൂരിൽ ആദ്യം വന്നപ്പോൾ കണ്ടത്. മണിപ്പൂരിൽ ലക്ഷങ്ങൾ ദുരിതത്തിലായ സാഹചര്യമുണ്ടായിട്ടും മോദി ഒരിക്കൽ പോലും വന്നില്ല. മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി ബിജെപി കാണുന്നില്ലെന്നത് ഇതിൽ നിന്നും വ്യക്തമാണ്. ജനങ്ങളുടെ വേദന മനസ്സിലാക്കുന്നില്ല. യാത്ര തുടങ്ങതിൽ പല അഭിപ്രായങ്ങളും വന്നു. പക്ഷെ മണിപ്പൂരിൽ നിന്ന് തന്നെ യാത്ര തുടങ്ങണമെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. മണിപ്പൂരിന് നഷ്ടമായതെല്ലാം കോൺഗ്രസ് തിരിച്ച് കൊണ്ടുവരുമെന്നും രാഹുൽ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയടക്കം ബിജെപിയും നരേന്ദ്രമോദിയും ചേർന്ന് ചില ആളുകൾക്ക് മുന്നിൽ അടിയറ വച്ചിരിക്കുകയാണ്. അതിരൂക്ഷമായ വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയുമാണ് രാജ്യം നേരിടുന്നത്. പിന്നാക്ക വിഭാഗങ്ങളുടെയെല്ലാം ശബ്ദം നഷ്ടമായിരിക്കുന്നു. ഈ വിഷയങ്ങൾ യാത്രയിൽ ഉയർത്തിക്കാട്ടും. ദുരിതം നേരിടുന്ന പിന്നോക്ക വിഭാഗങ്ങൾക്കെല്ലാമായാണ് ന്യായ് യാത്രയെന്നും രാഹുൽ പറഞ്ഞു.

Leave A Comment