കർഷകരെ തടയാൻ കണ്ണീർ വാതകം പ്രയോഗിച്ചു; ‘ഡൽഹി ചലോ’ മാർച്ചിൽ സംഘർഷം
ന്യൂഡൽഹി: കർഷകരുടെ ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോൾ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. രണ്ട് റൗണ്ടുകളിലായി ഏകദേശം രണ്ട് ഡസൻ ഷെല്ലുകൾ പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്. കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ വ്യാപകമായി പ്രയോഗിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർ കൂട്ടമായി തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിൽ കാണാം.
പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറി കർഷകർ പ്രതിഷേധിക്കുകയാണ്. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നതായാണ് വിവരം. ഇവരെ തിരിച്ചയയ്ക്കാനാണ് പൊലീസ് ശ്രമം. കർഷകർ ഇവിടെയെത്തിയ ലോറികളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. കാൽനടയായി എത്തുന്ന കർഷകരെ കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. അതേസമയം, ആവശ്യമെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പു നൽകി.
Leave A Comment