ദേശീയം

പ്രധാനമന്ത്രിയുടെ 'വികസിത് ഭാരത്' സന്ദേശം തടഞ്ഞു; പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ വിലക്ക്. വാട്‌സ് ആപ്പിലൂടെ മോദിയുടെ വികസിത് ഭാരത് സന്ദേശം അയക്കുന്നതാണ് തടഞ്ഞത്.

പ്രധാനമന്ത്രി നേരിട്ട് വോട്ടുതേടുന്ന സന്ദേശമാണ് വിലക്കിയത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോടാണ് പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സങ്കല്‍പ്പ് എന്ന സന്ദേശം തടയണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. മോദിയുടെ സന്ദേശം പെരുമാറ്റ ചട്ടലംഘനമാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറംനാടുകളിലുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷവും ഈ സന്ദേശം പ്രതരിപ്പിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യക്തികളുടെ ഫോണ്‍ നമ്പര്‍ എടുത്ത് രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സംവിധാനത്തെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായും പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

Leave A Comment