സുരക്ഷാ അനാസ്ഥ ഗുജറാത്തില്‍ വീണ്ടും ദുരന്തം, 22 മൃതദേഹങ്ങൾ കണ്ടെത്തി
രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിലെ ടിആർപി ഗെയിം സോണിൽ ഉണ്ടായ വൻ തീപിടുത്തത്തില്‍ 22 മൃതദേഹങ്ങൾ കണ്ടെത്തി. നിരവധി അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാജ്‌കോട്ട് സയാജി ഹോട്ടലിന് പിന്നിലെ ടിആർപി ഗെയിം സോണിൽ ആണ് തീപിടുത്തം ഉണ്ടായത്.
തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. താല്‍കാലികമായി നിര്‍മിച്ച ഷെഡ് വളരെ പെട്ടെന്ന് തന്നെ തീപിടിക്കുകയും, തീപിടുത്തത്തെ തുടര്‍ന്നും ശക്തമായ കാറ്റും കാരണം പൂര്ണ്ണമായും തകർന്നതിനാൽ രക്ഷാപ്രവര്‍ത്തനത്തിനു ബുദ്ധിമുട്ട് നേരിടുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
ദുരന്തത്തെത്തുടർന്ന് ടിആർപി ഗെയിം സോണിന്‍റെ ഉടമ യുവരാജ് ജഡേജ, ഗെയിം മാനേജര്‍ മറ്റ് ജീവനക്കാരും ഒളിവില്‍ പോയി. രാജ്‌കോട്ടിലെ എല്ലാ ഗെയിം സോണുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി പോലീസ് കമ്മീഷണർ അറിയിച്ചു.
ആരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ തിരിച്ചറിയാനാകൂ.
വളരെ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ബാറോടയിലെ ഹാര്‍ണി തടാകത്തില്‍ ഉണ്ടായ അപകടത്തില്‍ 12 കുട്ടികള്‍ ഉള്‍പടെ 14 പേരുടെ മരണത്തിന്‍റെ ഞെട്ടലില്‍ നിന്നും സംസ്ഥാനം മുക്തമാകും മുന്‍പേ ആണ്, സംവിധാനങ്ങളുടെ അനാസ്ഥ മൂലം മറ്റൊരു ദുരന്തം.
അവധികാലം ആയതിനാലും ശനിയാഴ്ച ആയതിനാലും പതിവിലും കൂടുതല്‍ ആളുകള്‍ ഗെയിം സോണില്‍ ഉണ്ടായിരുന്നു. തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ ഉള്ള തിരച്ചില്‍ തുടരുന്നു.
Leave A Comment