പരസ്യ പ്രചാരണത്തിന് കൊടിയിറക്കം; മറ്റന്നാൾ രാജ്യം അവസാനഘട്ട വിധി കുറിക്കും
ന്യൂഡല്‍ഹി: ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനാണ് വൈകീട്ട് അഞ്ച് മണിയോടെ കൊടിയിറങ്ങിയത്. ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട പോളിംഗില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് മറ്റന്നാൾ വിധി കുറിക്കുക. ശേഷം മൂന്ന് നാൾ കാത്തിരിപ്പ്. ഒടുവിൽ ജൂൺ നാല് ചൊവ്വാഴ്ച രാജ്യം ആര് ഭരിക്കുമെന്ന് അറിയാം.അതേസമയം എൻ ഡി എയും ഇന്ത്യ മുന്നണിയും സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തുണ്ട്. മൂന്നാം സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങടക്കം പ്ലാൻ ചെയ്താണ് മോദി ആത്മവിശ്വാസം കാട്ടുന്നത്. പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി ചാര്‍ സൗ പാര്‍ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ആലോചനകളും ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങെങ്കില്‍ ഇക്കുറി കര്‍ത്തവ്യപഥില്‍ നടത്താനാണ് നീക്കം.
Leave A Comment