അയോദ്ധ്യ ഉൾപ്പെട്ട ഫൈസബാദിൽ ബിജെപിക്ക് തിരിച്ചടി; എസ് പിക്ക് മുന്നേറ്റം
അയോധ്യ: രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദിൽ ബി.ജെ.പി. സ്ഥാനാർഥി ലല്ലു സിങ് നാൽപതിനായിരത്തിലേറെ വോട്ടുകൾക്ക് പിന്നിൽ. സമാജ്‌വാദി പാർട്ടിയുടെ അവദേഷ് പ്രസാദ് ആണ് മുന്നിലുള്ളത്. ബി.എസ്.പിയുടെ സച്ചിദാനന്ദ് പാണ്ഡെയാണ് മൂന്നാം സ്ഥാനത്ത്. ഫൈസാബാദിലെ സിറ്റിങ് എം.പിയാണ് ലല്ലു സിങ്.
തുടർച്ചയായ മൂന്നാം തവണ മത്സരത്തിനിറങ്ങിയ ലല്ലുവിന് ഇക്കുറി കാലിടറുകയായിരുന്നു. 2019-ൽ സമാജ്‌വാദി പാർട്ടിയുടെ ആനന്ദ് സെൻ യാദവിനെയും 2014-ൽ സമാജ്‌വാദി പാർട്ടിയുടെ മിത്രസെൻ യാദവിനെയുമാണ് ലല്ലു സിങ് പരാജയപ്പെടുത്തിയത്. സമാജ്‌വാദി പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് ജനറൽ സെക്രട്ടറി ആണ് ഇത്തവണ ലല്ലു സിങ്ങിനെതിരേ മത്സരത്തിനിറങ്ങിയ അവദേഷ് പ്രസാദ്. ഉത്തർപ്രദേശ് സർക്കാരിൽ ആറ് തവണ മന്ത്രിയായും കേന്ദ്ര കാബിനറ്റ് മന്ത്രിയായി നാല് തവണയും പ്രവർത്തിച്ചിട്ടുണ്ട്.
ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ബി.ജെ.പി. ഇറങ്ങിയത്. ഹിന്ദുവോട്ട് ഏകീകരണം ലക്ഷ്യമിട്ട് ബി.ജെ.പി. പ്രയോഗിച്ച പ്രധാന ആയുധം കൂടിയായിരുന്നു അയോധ്യയിലെ രാമക്ഷേത്ര പ്രഭാവം. 2018-ലാണ് ഫൈസാബാദിനെ അയോധ്യ എന്നു പേരുമാറ്റിയത്. എന്നിരുന്നാലും ലോക്‌സഭാ മണ്ഡലം ഫൈസാബാദ് എന്നുതന്നെയാണ് അറിയപ്പെടുന്നത്.
Leave A Comment