GST പരിഷ്കരണം സാധാരണക്കാർക്കു വേണ്ടി, ഇളവ് ജനങ്ങൾക്ക് വലിയ ഗുണം ചെയ്യും: പ്രധാനമന്ത്രി
ന്യൂഡൽഹി: ജിഎസ്ടി പരിഷ്ക്കരണം രാജ‍്യത്തിന്‍റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിന് നാളെ തുടക്കമാവുകയാണ്. മധ്യവർഗം, യുവാക്കൾ, കർഷകർ ഉൾപ്പെടെ എല്ലാവർക്കും പ്രയോജനപ്പെടും. രാജ്യത്തിന്‍റെ വളർച്ചക്ക് ഊർജം നൽകുന്ന മാറ്റങ്ങളാണ് തിങ്കളാഴ്ച മുതൽ നിലവിൽ വരുന്നത്. ഈ പരിഷ്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുണ്ടായിരുന്ന പലവിധ നികുതികൾ ഏകീകരിക്കാൻ ജി.എസ്.ടിക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ ആരംഭിച്ചത്.നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജി.എസ്.ടി നിരക്കുകൾ പ്രാബല്യത്തിലാകും. ഇന്ത്യ മറ്റൊരു നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ ജി.എസ്.ടി ഘടന നടപ്പാക്കുമ്പോൾ എല്ലാവർക്കും ഗുണമുണ്ടാകും. നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും. സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഇത്. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽനിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും.
പല തരം നികുതികള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്‌കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം എന്ന നികുതിയിലെത്തും. എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്.നാളെ മുതൽ അഞ്ച്, 18 ശതമാനം നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടാവുക.
പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ ജനങ്ങളും നമ്മുടെ രാജ്യത്തെ വ്യാപാരികളും വിവിധ നികുതികളുടെ വലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒക്ട്രോയ്, പ്രവേശന നികുതി, വിൽപ്പന നികുതി, എക്‌സൈസ്, വാറ്റ്, സേവന നികുതി എന്നിങ്ങനെ ഡസൻ കണക്കിന് നികുതികൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്നു. അവയെല്ലാം ജി.എസ്.ടിയിൽ ലയിപ്പിക്കാനായത് വലിയ കാര്യമാണ്” -പ്രധാനമന്ത്രി പറഞ്ഞു.
Leave A Comment