ദേശീയം

ഡല്‍ഹി എഎപി എംഎല്‍എ അറസ്റ്റിൽ, 24 ലക്ഷം രൂപയും ലൈസന്‍സില്ലാത്ത രണ്ട് തോക്കുകളും പിടിച്ചെടുത്തു

ഡല്‍ഹി എഎപി എംഎല്‍എ അമാനുത്തുള്ള ഖാന്‍ അറസ്റ്റില്‍. വഖഫ് ബോര്‍ഡ് അഴിമതിക്കേസിലാണ് എംഎല്‍എയെ ഡല്‍ഹി ആന്റി കറംപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെ തെളിവുകള്‍ ലഭിച്ചതായി എസിബി അറിയിച്ചു.

അമാനത്തുള്ള ഖാന്റെ ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാന്‍ മസൂദ് ഉസ്മാനില്‍ നിന്ന് തോക്കും പണവും കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ള നിരവധിയിടങ്ങളില്‍ ഇന്ന് റെയ്ഡ് നടന്നിരുന്നു.

ഡല്‍ഹി വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അമാനത്തുള്ളയുടെ സഹായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം 24 ലക്ഷം രൂപയും ലൈസന്‍സില്ലാത്ത രണ്ട് തോക്കുകളും പിടിച്ചെടുത്തു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് ചെയ്യുന്ന നിരവധി ആം ആദ്മി എംഎല്‍എമാരില്‍ അവസാനത്തെയാളാണ് അമാനത്തുള്ള ഖാന്‍.

അതിനി‌ടെ, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ മുന്‍ ബ്യൂറോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കെജ്രിവാള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പരാമര്‍ശം നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച പരാതിയില്‍ ഇവര്‍ പറയുന്നത്. ഗുജറാത്തിലെ രാജ് കോട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരടക്കുള്ള പൊതു സേവകരോട് ആം ആദ്മിക്ക് വേണ്ടി ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം.

Leave A Comment