കോൺഗ്രസ് അധ്യക്ഷപദവി: ഔദ്യോഗിക സ്ഥാനാർഥിയാവാൻ അശോക് ഗെഹലോട്ട്
ന്യൂഡല്‍ഹി: 22 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുമ്പോള്‍ കളം നിറഞ്ഞിരിക്കുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും തിരുവനന്തപുരം എം.പി ശശി തരൂരുമാണ്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പരിവേഷത്തിലാണ് അശോക് ഗഹ്‌ലോത് മത്സരരംഗത്തുണ്ടാവുക എന്നാണ് സൂചന. ജി.23 എന്ന കോണ്‍ഗ്രസിലെ തിരുത്തല്‍ വാദി സംഘത്തിന്‍റെ സ്ഥാനാർഥിയായി ശശി തരൂരും മത്സരത്തിലുറച്ചു നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് പുതിയ ചരിത്രമാണ് സൃഷ്ടിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്കിടെ ഗഹ്‌ലോത് രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ചത്. താന്‍ നിരവധി തവണ രാഹുല്‍ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ അഭ്യര്‍ഥിച്ചുവെന്നും എന്നാല്‍, ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ വരട്ടെയന്ന മുന്‍ നിലപാടില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഗഹ്‌ലോത് ചര്‍ച്ചയ്ക്ക ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി. താന്‍ മത്സരിക്കുകയാണെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന് സോണിയാ ഗാന്ധി തീരുമാനിക്കുമെന്നും ഗഹ്‌ലോത് അറിയിച്ചു. രണ്ടുപേര്‍ മത്സരിക്കാനുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഗഹ്‌ലോതിനാണെങ്കില്‍ അടുത്ത അധ്യക്ഷനാവുക ഗഹ്‌ലോതായിരിക്കും. അത് കോണ്‍ഗ്രസില്‍ പുതിയ ചരിത്രം എഴുതുകയും ചെയ്യും.
ഗഹലോത് മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയാണെങ്കില്‍ പകരം അവസരം കാത്തിരിക്കുന്നത് സച്ചിന്‍ പൈലറ്റാണെന്ന് ഗഹ്‌ലോതിന് നന്നായറിയാം. പക്ഷെ, രണ്ട് വര്‍ഷം മുമ്പ് മന്ത്രി സഭ തന്നെ താഴെ വീഴാന്‍ വരെ കാരണമായേക്കുമായിരുന്ന സച്ചിന്‍ പൈലറ്റിനെ മുഖ്യന്ത്രിയാക്കുന്നതില്‍ ഗഹ്‌ലോതിന് ഒട്ടും താല്‍പര്യമില്ല. പക്ഷെ, കോണ്‍ഗ്രസിന് മുന്നില്‍ മറ്റ് വഴിയില്ലതാനും. ഇനിയൊരു അവസരം വന്നാല്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് സച്ചിന്‍ പൈലറ്റ് അഭ്യര്‍ഥിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയുമായി. ഇക്കാര്യം ഗഹ്‌ലോതിനെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍നല്‍കുന്ന സൂചന.
Leave A Comment