കോൺഗ്രസിന്റെ വിജയം; വിമതനല്ല, മാറ്റത്തിന്റെ സ്ഥാനാർഥിയായിരുന്നു താനെന്ന് തരൂർ
ഡല്‍ഹി: താന്‍ വിമത സ്ഥാനാര്‍ഥിയായിരുന്നില്ലെന്നും മാറ്റത്തിന്റെ സ്ഥാനാര്‍ഥിയായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തക്ക് മത്സരിച്ച് പരാജയപ്പെട്ട തിരുവനന്തപുരം എം.പി ശശി തരൂര്‍. നമ്മള്‍ സ്ഥിരം ചെയ്യുന്ന ജോലിയുടെ സ്വഭാവത്തിലാണ് മാറ്റംവേണ്ടത്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എപ്പോഴും തുറന്നുകിടക്കുന്ന സമീപനം വേണമായിരുന്നു. തിരഞ്ഞെടുപ്പില്‍ ശത്രുതയുടെ പ്രശ്‌നമില്ലെന്നും പാര്‍ട്ടിയെ മികച്ചതാക്കുന്നതിന് വേണ്ടിയുള്ളതായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.
രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ട ദൃഢനിശ്ചയവും മൂല്യവുമുള്ളതാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന തോന്നലുണ്ടായി. ഈ തിരഞ്ഞെടുപ്പ് അവര്‍ക്കിടയിലുള്ള ആ തോന്നല്‍ മാറ്റിയിട്ടുണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. ഞങ്ങളുടെ ഇടയില്‍ പ്രത്യേകിച്ച് പരാതിയൊന്നും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായിരുന്നു. ഞങ്ങളുടെ ഏറ്റവും നല്ല അക്കൗണ്ടാണ് മുന്നോട്ടുവെച്ചതെന്നും തരൂര്‍ പറഞ്ഞു.
ഖാര്‍ഗെയുടെ വിജയം കോണ്‍ഗ്രസിന്റെ വിജയമാണ്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംശയിക്കേണ്ട. നീതിയുക്തമായി തന്നെയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രവര്‍ത്തകര്‍ ഉണര്‍ന്ന് കഴിഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് വലിയ സ്വാധീനമുണ്ടാക്കുമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
Leave A Comment