മധ്യപ്രദേശിൽ പ്രിയങ്ക ഗാന്ധിയുടെ അഞ്ച് വാഗ്ദാനങ്ങൾ
ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശില്‍ അഞ്ച് പുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ നല്‍കും. 500 രൂപയ്ക്ക് എല്ലാ വീടുകളിലും ഗ്യാസ് സിലിണ്ടര്‍. സൗജന്യ 100 യൂണിറ്റ് വൈദ്യുതി, 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്ക്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും, വയോജനങ്ങള്‍ക്ക് പെന്ഷന് നല്‍കും എന്നിവയാണ് പ്രിയങ്ക ഗാന്ധി നല്കുന്ന വാഗ്ദാനങ്ങള്‍.
ജബല്‍പുര്‍ ജില്ലയില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് പ്രിയങ്കയുടെ പ്രഖ്യാപനം. നർമ്മദ മാതാവിന്റെ തീരത്ത് വന്നിരുന്ന് ഞങ്ങൾ കള്ളം പറയില്ലെന്ന് പറഞ്ഞാണ് പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്.
"ബിജെപി ഇവിടെ വന്ന് പ്രഖ്യാപനങ്ങൾ നടത്തുന്നു, പക്ഷേ അവ നിറവേറ്റുന്നില്ല, അവർ രണ്ട് എഞ്ചിനുകളെയും മൂന്ന് എഞ്ചിനുകളെയും കുറിച്ച് സംസാരിക്കുന്നു. കർണാടകയിലും ഹിമാചൽപ്രദേശിലും അവർ ഇത് തന്നെയാണ് പറഞ്ഞത്. പക്ഷേ, രണ്ട് എൻജിനുകളെ കുറിച്ചുള്ള സംസാരം അവർ നിർത്തി. എങ്ങനെയാണ് ജോലി ചെയ്യേണ്ടതെന്ന് ജനങ്ങൾ അവരെ പഠിപ്പിച്ചു'.
ഞങ്ങളുടെ പാര്‍ട്ടി എന്തെല്ലാം ഉറപ്പുകളാണോ ജനങ്ങൾക്കു നൽകിയത്, ഛത്തീസ്ഗഡിലും ഹിമാചൽ പ്രദേശിലും അതെല്ലാം ഞങ്ങൾ പാലിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പരിശോധിച്ചാൽ നിങ്ങൾക്കതു മനസിലാകും. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ ചെയ്യാനുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമായിരുന്നു. എന്നാൽ കുതിരക്കച്ചവടം നടത്തി ബിജെപി സർക്കാർ രൂപീകരിച്ചു. പണാധിപത്യത്തിന്റെ അടിസ്ഥാനത്തിലാണ് ജനവിധി തകർക്കപ്പെടുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മധ്യപ്രദേശിൽ നിരവധി അഴിമതികൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച ലിസ്റ്റിനേക്കാൾ വലുതാണ് ഇവിടത്തെ അഴിമതികളുടെ പട്ടിക. ഉജ്ജയിനിലെ മഹാകാൽ ലോക് ഇടനാഴിയുടെ നിർമാണത്തിലും അഴിമതി നടന്നിട്ടുണ്ട്. സംസ്ഥാനത്ത് 220 മാസത്തെ ഭരണത്തിനിടെ 225 അഴിമതികളാണ് ബിജെപി നടത്തിയതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി ചൗഹാൻ ഇവിടെ വന്ന് സ്ത്രീകൾക്കായി ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. കാരണം തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അദ്ദേഹം ഇത്രയും വർഷം മുഖ്യമന്ത്രിയായിരുന്നു. പക്ഷെ അതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടായതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
സംസ്ഥാനത്ത് വൻ വിലക്കയറ്റമാണ്. എൽപിജി സിലിണ്ടറുകൾ, ഡീസൽ, പെട്രോൾ എന്നിവയുടെ വിലകൂടിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 21 സർക്കാർ ജോലികൾ മാത്രമാണ് നൽകിയത് എന്നത് ലജ്ജാകരമാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ഒരു പ്രാസംഗികനാണ്.18 വർഷത്തെ ഭരണത്തിനിടെ അദ്ദേഹം 22,000 പ്രഖ്യാപനങ്ങൾ നടത്തിയെന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങളും ഇതിനോടകം തന്നെ നടപ്പാക്കിയെന്നും പ്രിയങ്ക വ്യക്തമാക്കി.
Leave A Comment