കോവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
ന്യൂഡല്‍ഹി: കോവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയാണ് പിടിയിലായത്. ഡല്‍ഹി പോലീസിന്റെ സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഐഎഫ്എസ്ഒ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ അമ്മ ആരോഗ്യപ്രവര്ത്തകയാണെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കോവിഡ് വാക്സിനെടുത്ത സമയത്ത് നല്കിയ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. വ്യക്തിവിവരങ്ങള്‍, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളിലെ വിശദാംശങ്ങള്‍ ജനനതീയതി, വാക്സിന് എടുത്ത കേന്ദ്രം എന്നിവയടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നത്.
വ്യക്തികളുടെ ഫോണ്‍ നമ്പറോ ആധാര്‍ നമ്പറോ നല്കിയാല് ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും.
രാജ്യസഭാ എംപി ഡെറക് ഒബ്രിയന്‍, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, കെ.സി.വേണുഗോപാല്‍, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് എന്നിവരടക്കമുള്ളവരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമായതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു.
Leave A Comment