ലൈഫ് മിഷന് തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞു: ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷന് തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ പങ്കാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അറിവോടെയാണ് സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷന് തട്ടിപ്പുമെല്ലാം നടന്നത്. ഹൈക്കോടതി പരാമര്‍ശത്തോടെ മുഖ്യമന്ത്രിയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇനിയെങ്കിലും കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി വസ്തുത വിശദീകരിക്കാന്‍ തയാറാകണം. അദ്ദേഹത്തിന്റെ മൗനം ജനങ്ങളെ വസ്തുതകള്‍ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം ധാര്‍മികപരമായി നഷ്ടപ്പെട്ടിരിക്കുന്നെന്നും ചെന്നിത്തല വിമര്‍ശിച്ചു.
ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി പരാമര്‍ശത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഭരിക്കുന്ന പാര്‍ട്ടിയിലും പ്രത്യേകിച്ചു മുഖ്യമന്ത്രിയിലും വന്‍ സ്വാധീനമുള്ളതിനാല്‍ ശിവശങ്കര്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കാണാനാകുമെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എ.ബദറുദ്ദീന്‍ ജാമ്യാപേക്ഷ തള്ളിയത്.
ഈ കേസിനു മുന്‍പ് ഗുരുതര കുറ്റകൃത്യത്തില്‍ പങ്കുണ്ടായിട്ടും സര്‍ക്കാരിലുള്ള അധികാര സ്വാധീനം കാരണം ശിവശങ്കറിന്റെ ഔദ്യോഗിക പദവിക്ക് ഒരു കുഴപ്പവുമുണ്ടായില്ല. ആദ്യം ജാമ്യം ലഭിച്ചതിനുശേഷം 2022 ജനുവരി 6ന് ശിവശങ്കറെ ജോലിയില്‍ പുനഃപ്രതിഷ്ഠിച്ചു, വിരമിക്കുന്നതുവരെ സുപ്രധാനപദവിയില് തുടരാന്‍ കഴിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Leave A Comment