രാഷ്ട്രീയം

‘പാര്‍ട്ടിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല’; നടി ഗായത്രി രഘുറാം ബിജെപി വിട്ടു

ചെന്നൈ:നടിയും ബിജെപി നേതാവുമായ ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു. പാര്‍ട്ടി തമിഴ്‌നാട് ഘടകത്തിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാരോപിച്ചാണ് രാജി.ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ കാരണമാണ് പാര്‍ട്ടി വിടുന്നതെന്നും ഗായത്രി പറഞ്ഞു.

അതേസമയം, ഗായത്രി പാര്‍ട്ടി വിട്ടത് ഒരു തരത്തിലും പാര്‍ട്ടിക്ക് നഷ്ടമല്ലെന്ന് ബിജെപിയുടെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. പാര്‍ട്ടിക്ക് അപകീര്‍ത്തകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മാസങ്ങള്‍ക്ക് മുന്‍പ് ഗായത്രിയെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പാര്‍ട്ടിക്കുളളില്‍ സ്ത്രീകളോടുള്ള ബഹുമാനക്കുറവും രാജിക്ക് കാരണമായി ഗായത്രി പറയുന്നു. അണ്ണാമലൈയുടെ നേതൃത്വത്തിന്‍ കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്. മോദി ജി, നിങ്ങള്‍ ഏറെ പ്രത്യേകതയുള്ളയാളാണ്.രാഷ്ട്രപിതാവാണ്, എപ്പോഴും എന്റെ വിശ്വഗുരുവും മഹാനായ നേതാവുമാണ്.അമിത് ഷാ ജി നിങ്ങള്‍ എപ്പോഴും എന്റെ ചാണക്യ ഗുരുവായി തുടരുമെന്നും അവര്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

പാര്‍ട്ടിയുടെ ഒബിസി വിഭാഗം സംസ്ഥാന നേതാവ് സൂര്യശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്‌സിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഗായത്രിക്കെതിരെ നടപടി.

Leave A Comment