കോൺഗ്രസിനു പുതിയ ബ്ലോക്ക് പ്രസിഡന്റുമാർ നോമിനികൾ; കൂട്ടിന് വിവാദം
തൃശൂർ: അർധരാത്രി പുറത്തുവിട്ട ബ്ലോക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക പാർട്ടിയിൽ വൻ പൊട്ടിത്തെറിക്കിടയാക്കി. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടുവീതം ബ്ലോക്ക് കമ്മിറ്റികളുണ്ട്. അതിൽ പാണഞ്ചേരി, ചേലക്കര ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചിട്ടില്ല. മുമ്പുണ്ടായിരുന്ന എല്ലാവരേയും മാറ്റി. പുതുമുഖങ്ങൾക്കാണ് ചുമതല നൽകിയത്. ഇതിൽ ഒരുവനിത പോലുമില്ലെന്നത് ന്യൂനതയായി.
തൃശൂർ ബ്ലോക്ക് പ്രസിഡന്റായി ഫ്രാൻസിസ് ചാലിശേരിയെ നിയമിച്ചത് പത്മജവേണുഗോപാലിന്റെ താത്പര്യപ്രകാരമാണ്. കഴിഞ്ഞ കോർപ്പറേഷൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റയാൾ ബ്ലോക്പ്രസിഡന്റാകാൻ സമ്മർദം ചെലുത്തിയിരുന്നു. ഇദ്ദേഹത്തിന് ഒരു മതവിഭാഗത്തിന്റെ കടുത്ത പിന്തുണയുമുണ്ടായിരുന്നു.
എന്നാൽ ഡിസിസി. പ്രസിഡന്റ് ജോസ് വള്ളൂർ ആ പേരു വെട്ടി. മുൻ ബ്ലോക് പ്രസിഡന്റ് ഐ.പി. പോളിന്റെ നേതൃത്വത്തിൽ ഇക്കാര്യം ബന്ധപ്പെട്ടവരോടു വ്യക്തമാക്കിയിരുന്നുവെന്നാണ് അറിയുന്നത്. ചേലക്കര, പാണഞ്ചേരി ബ്ലോക്കുകളിൽ സമവായമായില്ല. യുഡിഎഫ് ജില്ലാചെയർമാൻ കൂടിയായ എം.പി. വിൻസെന്റെ നിർദേശിച്ചയാളെ പാണഞ്ചേരിയിൽ ജില്ലാനേതൃത്വത്തിലെ ചിലർക്ക് സ്വീകാര്യമായില്ല. ചേലക്കരയിൽ രമ്യഹരിദാസ് ഒരു നേതാവിനു വേണ്ടി ശക്തമായി നിലയുറപ്പിച്ചു. അവിടെ ഗോപാലകൃഷ്ണനെ പ്രസിഡന്റാക്കാൻ ധാരണയുണ്ടായിരുന്നതാണ്.
Leave A Comment