രാഷ്ട്രീയം

ഏക സിവില്‍ കോഡില്‍ സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: സതീശന്‍

കണ്ണൂര്‍: ഏക സിവില്‍ കോഡിനെ ഹിന്ദു-മുസ്‌ലീം വിഷയമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രശ്‌നമുണ്ടാക്കി അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള മാര്‍ഗമാണ് സിപിഎം അന്വേഷിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

ബിജെപിയുടെ അതേ പാതയിലൂടെയാണ് സിപിഎമ്മും സഞ്ചരിക്കുന്നത്. സിവില്‍ കോഡില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് കഴിഞ്ഞ ദിവസം പാര്‍ട്ടി വക്താവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് വ്യക്തമാക്കിയതാണ്.

ഇപ്പോള്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കേണ്ട കാര്യമില്ലെന്നാണ് മോദി സര്‍ക്കാര്‍ നിയോഗിച്ച നിയമ കമ്മീഷന്‍ 2018ല്‍ പറഞ്ഞത്. ഇതേ നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും സതീശന്‍ പറഞ്ഞു.

നിയമം നടപ്പിലാക്കിയാല്‍ അത് മുസ്‌ലിംഗളെ മാത്രമല്ല ബാധിക്കുക ഹിന്ദുക്കളടക്കം ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. ഏക സിവില്‍ കോഡ് കൊണ്ട് ബിജെപി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച കരട് ബില്ല് പോലും പുറത്തുവന്നിട്ടില്ല.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത് ജനങ്ങളുടെയിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ്. ആ കെണിയില്‍ ഒരാളും പെടരുതെന്നാണ് കോണ്‍ഗ്രസിന് പറയാനുള്ളത്.

സിഎഎ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ഇടത് സര്‍ക്കാര്‍ നിരവധി കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ കേസുകള്‍ പിന്‍വലിക്കാത്തതിനാല്‍ ഇപ്പോഴും പലരും കോടതി കയറി നടക്കുകയാണ്.

അത് പിന്‍വലിച്ചിട്ട് വേണം സിപിഎം ഏക സിവില്‍ കോഡിനെതിരെ സമരം നടത്താന്‍. ഏക സിവില്‍ കോഡിനെതിരെ പ്രതിഷേധം നടന്നാലും പിണറായി സര്‍ക്കാര്‍ കേസെടുക്കും. സിപിഎമ്മിന് ഇരട്ടത്താപ്പാണെന്നും സതീശന്‍ വിമര്‍ശിച്ചു.

Leave A Comment