രാഷ്ട്രീയം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് അനുകൂല സാഹചര്യമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എൽഡിഎഫ് നേതാക്കൾ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് പോരിനും കളമൊരുങ്ങി കഴിഞ്ഞു. ഒരു മാസത്തിൽ താഴെ മാത്രമാണ് തെരഞ്ഞെടുപ്പിന് സമയമുള്ളത്. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി നിലനിർത്തിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സിപിഎം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങി കഴിഞ്ഞു. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ എം രാധാകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ളത്.

Leave A Comment