രാഷ്ട്രീയം

ഉമ്മൻചാണ്ടിയുടെ ചികിത്സ; സിപിഎം മൂന്നാംകിട നേതാക്കളെ വെച്ച് അധിക്ഷേപം ചൊരിയുന്നു

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട സിപിഎം നേതാവ് കെ. അനില്‍കുമാറിന്‍റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നാംനിര നേതാക്കളെ കൊണ്ട് തരംതാണ ആരോപണങ്ങള്‍ സിപിഎം ഉയര്‍ത്തുകയാണെന്നും കുടുംബത്തെ അപമാനിക്കുകയാണെന്നും സതീശൻ പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് ചികിൽസ നല്‍കിയതില്‍ സര്‍ക്കാരോ സിപിഎമ്മോ ഇടപെടേണ്ടതില്ല. കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ നല്‍കിയിട്ടുണ്ടെന്നും, കുടുംബവും പാര്‍ട്ടിയും അക്കാര്യങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ട്.

ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബത്തെ അധിക്ഷേപിക്കാനുള്ള തരംതാണ മൂന്നാംകിട ആരോപണം സിപിഎം മൂന്നാംനിര നേതാക്കളെക്കൊണ്ട് ഉന്നയിപ്പിക്കുകയാണ്. ഞാന്‍ അയാള്‍ക്ക് മറുപടി പറയേണ്ടകാര്യമില്ല. മറുപടി പറയാന്‍ ഡിസിസി ഭാരവാഹികളോട് ആരോടെങ്കിലും പറയാമെന്നും സതീശൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് എല്ലാവര്‍ക്കും ബോധ്യമായതാണെന്നാണ് അനില്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നത്. കണ്ണീരൊഴുക്കി പുതുപ്പള്ളിയിലേക്ക് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഉമ്മൻചാണ്ടിയുടെ ചികിത്സയുടെ കാര്യത്തില്‍ കുടുംബം നിഷേധാത്മക നിലപാട് സ്വീകരിച്ചു. ഇതിന്‍റെ തെളിവുകള്‍ പൊതുമണ്ഡലത്തിലുണ്ട്. ചികിത്സയെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉന്നയിച്ചവര്‍ ഇന്നും പുതുപ്പള്ളിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് യുഡിഎഫുകാര്‍ ഓര്‍ക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു.

Leave A Comment