പുതുപ്പള്ളിയിൽ വികസനം ചർച്ചയാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി
കോട്ടയം: പുതുപ്പള്ളിയിൽ വികസനം ചർച്ചയാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ ഉപ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ ഉപതെരഞ്ഞെടുപ്പ് കണ്വെന്ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പല കാര്യങ്ങളിലും വ്യക്തത വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. പുതുപ്പള്ളിയുടെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മണ്ഡലത്തിന്റെ യഥാർഥ സ്ഥിതി എല്ലാവര്ക്കും അറിയാം. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടും.
യുഡിഎഫ് ഭരണകാലത്ത് വികസനങ്ങള്‍ നടന്നില്ല. നാഷണല്‍ ഹൈവേ അടക്കം മുന്നോട്ടുപോയില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടമണ്‍ കൊച്ചി ഹൈവേ യാഥാര്‍ഥ്യമാക്കി. വികസന കാര്യത്തില്‍ നാട് ഒരുപാട് മുന്നോട്ടു പോയി.
2016 ന് മുമ്പ് ഇവിടെ ഒന്നും നടക്കില്ലെന്ന ചിന്തയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് വന്ന ശേഷം അത് മാറി. ഉണ്ടായ തടസങ്ങള്‍ എല്ലാം ഇടത് സര്‍ക്കാര്‍ നേരിട്ടു. യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് നാഷണല്‍ ഹൈവേ വരാന്‍ താമസം നേരിട്ടത്. ഒടുവില്‍ ഇടത് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് നല്‍കിയതിന് ശേഷമാണ് നാഷണല്‍ ഹൈവേ യാഥാര്‍ഥ്യമായി.
ഗെയിൽ പാതക പൈപ്പ് ലൈൻ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ് വിമുഖത കാട്ടി. 2016ലെ എൽഡിഎഫ് സർക്കാർ പദ്ധതി യാഥാർഥ്യമാക്കി. ഇപ്പോൾ ആ പൈപ്പ് ലൈനിലൂടെ വാതകം മംഗലാപുരത്തേക്ക് പോകുന്നു. കേരളത്തിലെ ചില വീടുകളിലെ അടുക്കളയിൽ ഗ്യാസ് എത്തിക്കഴിഞ്ഞു. ചില ഫാക്ടറികളിലും ഇന്ധനമായി ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave A Comment