'നിരന്തരം വാർത്തകൾ നൽകിയാൽ സർക്കാർ ഒറ്റപ്പെട്ടു പോകുമെന്നാണ് ധാരണ': മുഖ്യമന്ത്രി
കോട്ടയം: മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിരന്തരം വാർത്തകൾ നൽകിയാൽ സർക്കാർ ഒറ്റപ്പെട്ടുപോകും എന്നാണ് മാധ്യമങ്ങളുടെ ധാരണയെന്നാണ് പിണറായിയുടെ വിമർശനം. ഇവർക്ക് ഇപ്പോഴും ജനങ്ങളെ അറിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ 'ചെമ്പ്' ഓർമയില്ലേ? 99 സീറ്റും തന്നാണ് ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ. ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമാണെന്നും പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം പറഞ്ഞ് പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി, കഴിഞ്ഞ 7 വർഷം ഇടത് സർക്കാരിന്റെ കാലത്ത് കേരളത്തിലുണ്ടായ മാറ്റങ്ങളും എണ്ണിപ്പറഞ്ഞു. വികസനം നാടിനോടുള്ള പ്രതിബദ്ധതയിൽ ഉണ്ടാകുന്നതാണ്. പുതുപ്പള്ളി പ്രദേശത്തിന്റെ വികസനവും, മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവുമെല്ലാം ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടും. അതുണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
Leave A Comment