ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങൾ പുതുപ്പള്ളി ക്ഷമിക്കില്ലെന്ന് അച്ചു ഉമ്മൻ
കോട്ടയം: ഉമ്മൻ ചാണ്ടിക്കും തനിക്കുമെതിരായ ആരോപണങ്ങൾ പുതുപ്പള്ളി ക്ഷമിക്കില്ലെന്ന് അച്ചു ഉമ്മൻ. തനിക്കെതിരായ സൈബർ ആക്രമണത്തിൽ മനഃപ്രയാസമുണ്ടായി. ഒരാളോടും വ്യക്തിവൈരാഗ്യമില്ല. ഏത് അന്വേഷണത്തിനും സന്നദ്ധയാണെന്നും ഒരു ആശയത്തിന്റെ ഭാഗമായാണ് പരാതി നൽകിയതെന്നും അച്ചു ഉമ്മന് പറഞ്ഞു.എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെയാണ്. ആക്രമണം തുടർന്നപ്പോഴാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മന് പറഞ്ഞു. ഉമ്മൻ ചാണ്ടി കട്ടുമുടിച്ചു എന്ന രീതിയിലാണ് പോസ്റ്റുകൾ. തന്റെ പേരിൽ അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്ന് തോന്നി. അദ്ദേഹത്തെ സംരക്ഷിക്കാൻ വേണ്ടി കൂടിയാണ് കേസ് കൊടുത്തതെന്നും അച്ചു പറഞ്ഞു.
ഭർത്താവിന്റെ കുടുംബം വര്ഷങ്ങളായി ഗൾഫിൽ ബിസിനസ് ചെയ്യുകയാണ്. ഭർത്താവിന്റെ അച്ഛനാണ് ബിസിനസ് തുടങ്ങിയതെന്ന് പറഞ്ഞ അച്ചു ഉമ്മൻ, കമ്പനികളുടെ വിവരങ്ങൾ വിശദീകരിച്ചു.
കെമിക്കൽ ട്രെഡിംഗ് കമ്പനികളാണ് ഭർത്താവിന്റെ കുടുംബത്തിനുള്ളത്. ഞങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം ഈ കമ്പനികളാണ്. ഭർത്താവിന്റെ കുടുംബത്തിന് കളങ്കം ഉണ്ടാവരുത്. ഈ കമ്പനികളുടെ കാര്യത്തിൽ ഏത് അന്വേഷണവും നടത്താമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.
ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം. ഞാനോ ഉമ്മൻ ചാണ്ടിയുടെ ആത്മാവോ മാപ്പ് തന്നേക്കാം. എന്നാൽ പുതുപ്പള്ളി മാപ്പ് തരില്ല. ഏഴ് വർഷമായി സർക്കാർ മാറിയില്ലേ. ആരോപണങ്ങൾ അന്വേഷിക്കാമായിരുന്നല്ലോ എന്നും അച്ചു ഉമ്മന് കൂട്ടിച്ചേർത്തു.
Leave A Comment