അച്ചു ഉമ്മനെതിരേ സൈബർ ആക്രമണം നടത്തിയ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ നിയമനം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തിയ കെ. നന്ദകുമാറിന് ഐഎച്ച്ആർഡിയുടെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായി നിയമനം.
സെക്രട്ടേറിയറ്റ് സർവീസിൽ നിന്നു വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുൻപാണ് കേരള സർക്കാരിന്റെ കീഴിലുള്ള ഐഎച്ച്ആർഡിയിൽ നിയമിച്ചത്. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ നേതാവായിരുന്നു. വിരമിച്ച സിപിഎമ്മുകാരെ കുടിയിരുത്തുന്ന സ്ഥാപനമായി ഐഎച്ച്ആർഡി മാറിയെന്ന ആക്ഷേപം ഉയരുകയാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐഎച്ച്ആർഡിയുടെ ഓഫീസ് തിരുവനന്തപുരം പേട്ടയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശിപാർശയിലാണ് നന്ദകുമാറിന് നിയമനം നൽകിയത്. സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ച ശേഷം നന്ദകുമാർ സിപിഎമ്മിന്റെ സൈബർ ഇടങ്ങളിൽ പ്രവൃത്തിച്ചു വരികയായിരുന്നു.
അച്ചു ഉമ്മനെ അപഹസിച്ചതിന് പോലീസ് കേസെടുത്തതോടെ വിവാദ ഫേസ് ബുക്ക് പേജ് നന്ദകുമാർ മരവിപ്പിച്ചിരുന്നു. കൊളത്താപ്പിള്ളി നന്ദകുമാർ എന്ന പേജിൽ നിന്നായിരുന്നു അച്ചു ഉമ്മനെതിരെയുള്ള സൈബർ ആക്രമണം.
Leave A Comment