കെ.എസ്.യു. ഭാരവാഹിത്വത്തിന് മൂല്യനിർണയരീതി; ശില്പി കനയ്യകുമാർ
തിരുവനന്തപുരം: കെ.എസ്.യു. ഭാരവാഹിയാകണമെങ്കിൽ ഇനി പ്രത്യേക അസൈൻമെന്റുകൾ ചെയ്ത്, റിപ്പോർട്ട് നൽകണം. ഇത് പരിശോധിച്ച് മാർക്കിന്റെ അടിസ്ഥാനത്തിലാകും ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡൻറുമാർ, ഭാരവാഹികൾ എന്നിവരെ തിരഞ്ഞെടുക്കുക. ജില്ലാ, നിയോജകമണ്ഡലം കമ്മിറ്റികളിലേക്ക് വരാൻ താത്‌പര്യമുള്ളവർ 30-നുമുമ്പ് ഗൂഗിൾ ഫോം പൂരിപ്പിച്ച് ബയോഡേറ്റ സഹിതം അപേക്ഷിക്കണം.
ജില്ലാ പ്രസിഡന്റുമാരും അതത് ജില്ലകളിൽനിന്നുള്ള സംസ്ഥാന ഭാരവാഹികളും അടങ്ങുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി ഓരോ അപേക്ഷകനും പ്രത്യേക അസൈൻമെന്റുകൾ നൽകും. പ്രവർത്തനമില്ലാത്ത കാമ്പസുകളിൽ യൂണിറ്റ് തുടങ്ങുക, പ്രത്യേക അംഗത്വ കാമ്പെയിൻ നടത്തുക, സംഘടനയ്ക്ക് കടന്നുചെല്ലാനാകാത്ത പ്രദേശങ്ങളിൽ പ്രവർത്തകരെ കണ്ടെത്തുക, ബൂത്ത് കേഡർമാരെ കണ്ടെത്തുക, പുതിയ വോട്ടർമാരെ ചേർക്കുക തുടങ്ങിയവയാകും അസൈൻമെന്റുകൾ. ദൗത്യം പൂർത്തിയാക്കിയശേഷം അപേക്ഷകർ വിശദമായ റിപ്പോർട്ട് നൽകണം. കോ-ഓർഡിനേഷൻ കമ്മിറ്റി റിപ്പോർട്ട് മൂല്യനിർണയം നടത്തി മാർക്കിടും. അതിന്റെ അടിസ്ഥാനത്തിലാകും ഭാരവാഹികളെ നിശ്ചയിക്കുക.
ഡൽഹി ജെ.എൻ.യു.വിലെ സമരനായകൻ കനയ്യകുമാറാണ് പുതിയ തിരഞ്ഞെടുപ്പുരീതിയുടെ ശില്പി. സി.പി.ഐ.യിൽനിന്ന് കോൺഗ്രസിലെത്തിയ കനയ്യകുമാറിനെ, വിദ്യാർഥിസംഘടനയായ എൻ.എസ്.യു. വിന്റെ ചുമതല ഏൽപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് പാർട്ടി. അദ്ദേഹം ആവിഷ്കരിച്ച തിരഞ്ഞെടുപ്പുരീതി രാജ്യത്ത് ആദ്യം പരീക്ഷിക്കുന്നത് കേരളത്തിലാണ്. വർഷങ്ങളായി നടന്നുവരുന്ന ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പുരീതി ഇതോടെ മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.യു.-എൻ.എസ്.യു. നേതൃത്വങ്ങൾ.
Leave A Comment