രാഷ്ട്രീയം

'നാളെ ഹാജരായാൽ വീട്ടിലേക്കല്ല, ജയിലിലേക്കാണ് പോകുന്നതെന്ന് മൊയ്തീനറിയാം': അനിൽ അക്കര

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ നാളെ എസി മൊയ്തീൻ ഹാജരാകുമോ എന്നാണ് സിപിഎം പറയേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഗോവിന്ദൻ ഇന്ന് ഇഡിയെ പുച്ഛിച്ചു. അത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും അനിൽ അക്കര പറഞ്ഞു. ഇഡിക്ക് മുന്നിൽ വീണ്ടും എസി മൊയ്തീൻ നാളെ ഹാജരാകേണ്ട ദിവസമാണ്. എന്നാൽ എസി മെയ്തീൻ നാളെ ഹാജരാകില്ല. നാളെ ഹാജരായാൽ വീട്ടിലേക്കല്ല സതീശനൊപ്പം ജയിലിലേക്കാണ് എന്ന് മൊയ്തീനറിയാമെന്നും അനിൽ അക്കര പറഞ്ഞു. 

കരുവന്നൂര്‍ കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇഡി പറയുന്നു. ചില പ്രമുഖരുടെ മാനേജർ മാത്രമായ സതീഷ് കുമാറിന്റെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നതെന്നും ഇ ഡി പറയുന്നു. ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധന. ഇയാൾ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. 

സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ പ്രസിഡന്റായ തൃശൂർ അയ്യന്തോള്‍ സർവ്വീസ് സഹകരണ ബാങ്ക് അടക്കം തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. അയ്യന്തോള്‍ സഹകരണബാങ്കിൽ നിന്നും 18.5 കോടി രൂപ വായ്പയെടുത്ത് എട്ടു വര്‍ഷമായി ഒളിവിൽ കഴിയുന്ന അനിൽ കുമാര്‍ എന്നയാളുടെ തൃശ്ശൂരിലെ വീട്ടിലും പരിശോധന തുടരുകയാണ്.

Leave A Comment