രാഷ്ട്രീയം

കരുവന്നൂർ തട്ടിപ്പിനെതിരേ തൃശൂരിൽ പദയാത്ര നടത്താനൊരുങ്ങി നടൻ സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധിച്ച് തൃശൂരിൽ പദയാത്ര നടത്താനൊരുങ്ങി നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിനാണ് പദയാത്ര. കരുവന്നൂർ ബാങ്ക് മുതൽ തൃശൂർ സഹകരണ ബാങ്ക് വരെ കാൽനടയായി യാത്ര ചെയ്തുകൊണ്ടാകും പ്രതിഷേധം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച് തോറ്റെങ്കിലും വിവിധ പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ സജീവമാണ് സുരേഷ് ഗോപി. ഇതിന്റെ ഫലമായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നടന് സാധിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ത്രികോണ മത്സരം നടന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് തൃശൂർ.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപിതന്നെയാകും തൃശൂരിലെ എൻഡിഎ സ്ഥാനാർഥി എന്നാണ് സൂചന. ഇതിനിടെയാണ് സർക്കാരിനെ സമ്മർദത്തിലാക്കിയ കരുവന്നൂർ കേസിൽ നടൻ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുന്നത്.

Leave A Comment