രാഷ്ട്രീയം

അടിയന്തരാവസ്ഥക്കാലത്ത് സിപിഎം - ആർ എസ് എസ് ഐക്യമുണ്ടായിരുന്നെന്ന് കാനം

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനെതിരേ സി.പി.എം.-ആര്‍.എസ്.എസ്. ഐക്യം സ്ഥാപിച്ചിരുന്നെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ഇ.എം.എസിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പിന്തുണ അതിനുണ്ടായിരുന്നുവെന്നത് ചരിത്രയാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറയുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'ആര്‍ദ്രമനസ്' എന്ന ലേഖനസമാഹാരത്തിലാണ് കാനത്തിന്റെ വെളിപ്പെടുത്തല്‍.

സി.പി.എം.-ആര്‍.എസ്.എസ്. ഐക്യത്തെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന പി. സുന്ദരയ്യ 'വൈ ഐ റിസൈന്‍ഡ് ഫ്രം പാര്‍ട്ടി' എന്ന തന്റെ ആത്മകഥയില്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടുന്നു.

1979-ലെ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ വ്യാപക ഐക്യവും ധാരണയും സ്ഥാപിക്കുകയും സി.പി.ഐ.യെ ഒറ്റപ്പെടുത്തുകയും ചെയ്തിരുെന്നന്നും കാനം ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഐക്യമുന്നണി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കുകാരണം എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയുമായിരുന്നെന്ന് പറയാതിരിക്കുന്നത് ചരിത്രനിഷേധമാകുമെന്നും കാനം പറയുന്നുണ്ട്.

അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷംനടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിനുപുറത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെങ്കിലും കേരളത്തില്‍ അച്യുതമേനോന്‍ നേതൃത്വം നല്‍കിയ ഐക്യജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടി. വിന്ധ്യനിപ്പുറം അടിയന്തരാവസ്ഥാവിരുദ്ധ കൊടുങ്കാറ്റ് ആഞ്ഞടിക്കാത്തതിനുകാരണം ആന്റണിയും ഉമ്മന്‍ചാണ്ടിയുമായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് എം.എന്‍. ഗോവിന്ദന്‍നായരുടെ പ്രസ്താവന.

എന്നാല്‍, കരുണാകരനെതിരേ പടനയിച്ച ഗ്രൂപ്പിന്റെ നേതാക്കളെന്നനിലയിലാണ് ഇരുവരുടെയും പേര് എം.എന്‍. പരാമര്‍ശിച്ചതെന്നാണ് കാനം വ്യക്തമാക്കുന്നത്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ വികസനോന്മുഖവും ജനക്ഷേമകരവുമായ ഭരണംകൊണ്ടാണ് വിജയംവരിക്കനായതെന്ന് എം.എന്‍. പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

1980-ല്‍ നായനാര്‍ മന്ത്രിസഭയുടെ പിന്തുണ പിന്‍വലിച്ച എ.കെ. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാടിനെയും കാനം കുറ്റപ്പെടുത്തുന്നു. ''ആന്റണിയും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ രണ്ടാമനായിരുന്ന ഉമ്മന്‍ചാണ്ടിയും നടത്തിയ രാഷ്ട്രീയപരീക്ഷണങ്ങള്‍ എന്നുപറഞ്ഞ് അതിനെ തള്ളാനാവില്ല. തത്ത്വാധിഷ്ഠിത നിലാപാടെടുക്കുന്നതിലെ പരാജയമായാണ് ഇത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കോറിയിടുന്നത്'' -കാനം പറയുന്നു.

Leave A Comment