‘തെരഞ്ഞെടുപ്പ് സാമഗ്രികൾ ഇപ്പോഴും കോളജിൽ ഉണ്ട്, പരിശോധിച്ചോളൂ’; എസ്എഫ്ഐ
തൃശൂര്‍: ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിനെ നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് എസ്.എഫ്.ഐ. തിരഞ്ഞെടുപ്പ് സാമഗ്രികൾ ഇപ്പോഴും കോളജിൽ ഉണ്ടെന്നും ബാലറ്റ് പേപ്പർ ഉൾപ്പെടെ പരിശോധിക്കണമെന്നും വെല്ലുവിളിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ. ശ്രീ കേരളവർമ്മ കോളജിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഡിസിസി പ്രസിഡന്റ് ഇടപെട്ടെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കോളജിലെ പ്രിൻസിപ്പൽ ഇൻ ചാർജിന് പുറത്തുനിന്ന് ഡിസിസി പ്രസിഡൻറ് നിർദ്ദേശം നൽകി. ഡിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് പ്രിൻസിപ്പൽ പ്രവർത്തിച്ചതെന്നും എസ്എഫ്ഐ ആരോപിക്കുന്നു.വിവാദത്തിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കെഎസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കെഎസ്‌യു ഹൈക്കോടതിയിലേക്ക് പോകാൻ ഇരിക്കെയാണ് എസ്എഫ്ഐയുടെ അപ്രതീക്ഷിത സത്യപ്രതിജ്ഞാ നീക്കം. കെ.എസ്.യു കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിന് മുൻപ് തന്നെ അധികാരമേൽക്കുക ലക്ഷ്യമിട്ടാണ് സത്യപ്രതിജ്ഞ നടത്തിയത്. ഇത് എസ്എഫ്ഐയുടെ അട്ടിമറിയാണെന്നും എല്ലാ കോളജുകളിലും ഇവർ ഇത്തരത്തിലാണ് പെരുമാറുന്നതെന്നുമാണ് കെ.എസ്.യുവിന്റെ ആരോപണം.
Leave A Comment