പലസ്തീനുവേണ്ടി മുന്നില്‍ ഇടതുപക്ഷം,കോണ്‍ഗ്രസിന്റെത് നിലപാട് ഇല്ലായ്മ: മുഖ്യമന്ത്രി
കോഴിക്കോട്: പശ്ചിമേഷ്യയിലെ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ അക്രമികള്‍ക്കൊപ്പമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് രാജ്യത്തിന് അപമാനമാണ്. ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി നരസിംഹറാവു സര്‍ക്കാര്‍ ആണ് ഇസ്രയേലിനെ അംഗീകരിച്ചത്. ബിജെപി അതിന് ശക്തമായ രൂപം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സി.പി.എം. സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടത് പാര്‍ട്ടി നേതാക്കളും സമസ്ത പ്രതിനിധികളും യോഗത്തിനെത്തി.ഇന്ത്യ ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇടതുപക്ഷത്തിന് ഒറ്റ ഉത്തരമേയുള്ളൂവെന്നും ആ നിലപാടിന്റെ ആവർത്തനമാണ് പലസ്‌തീൻ ഐക്യദാർഢ്യ റാലിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ സാമ്രാജ്യത്വ ശക്തികൾ ഇസ്രയേലിനെ ഉപയോഗിച്ച് പലസ്തീനെ ആക്രമിച്ചതിൽ പ്രതിഷേധമുള്ളവരാണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പലസ്തീനൊപ്പമായിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്കുണ്ടായിരുന്നു. നെഹ്റുവിന്റെ നയം ഏറെക്കാലം നമ്മൾ തുടർന്ന് വന്നു. പലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചുള്ളൂ. ഇസ്രായേലിനെ ഒരു രാജ്യം എന്ന നിലക്ക് നമ്മൾ കണ്ടിരുന്നില്ല. എന്നാൽ നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്രായേലിനെ ഇന്ത്യ അംഗീകരിച്ച് തുടങ്ങിയത്. അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമാണത്. അമേരിക്കൻ സമ്മർദ്ദത്തിനു കീഴ് പ്പെടുകയായിരുന്നു ഇന്ത്യ. അന്ന് തുടക്കം കുറിച്ചതിന് ബിജെപി ഇപ്പോൾ ശക്തമായ രൂപം കൊടുത്തിരിക്കുന്നു. അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റി.
രാജ്യത്ത് പലയിടങ്ങളിൽ പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയത് ഇടതുപക്ഷമാണ്. രാജ്യത്ത് വലിയ സ്വാധീനം ഉണ്ടെന്ന് പറയുന്ന രാഷ്ടീയ പാർട്ടിയുടെ സ്വരം കേരളത്തിൽ തന്നെ വ്യത്യസ്തമായി കേൾക്കുന്നു. തെറ്റായ രീതി രാജ്യത്ത് ചിലർ സ്വീകരിക്കുന്നുണ്ട്. അത് രാജ്യത്തിനു അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave A Comment