'തെരുവിൽ നേരിടുമ്പോള്‍ അതിന്റെ പ്രത്യാഘാതവും നേരിടണം': പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
കണ്ണൂർ: പഴയങ്ങാടി സംഘർഷത്തിന് പിന്നാലെ തെരുവിൽ നേരിടുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരുവിൽ നേരിടുന്നത് ഒക്കെ ഒരുപാട് കണ്ടതാണെന്ന് പറഞ്ഞ അദ്ദേഹം, ഞങ്ങളെ കാണാനെത്തുന്ന ജനങ്ങളെ നേരിടുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രസ്താവനയെന്നും അങ്ങിനെയെങ്കിൽ അതിന്റെ പ്രത്യാഘാതവും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു.വികസനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിലെ നവ കേരള സദസ്സ് പരിപാടിയിൽ സംസാരിച്ചത്. പല കാര്യങ്ങളിലും കേരളം മുൻപന്തിയിലാണ്. അതിന് കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ആ ശ്രമം ഒരു വശത്ത് നടക്കുമ്പോൾ നാടിനെ മുന്നോട്ട് വിടില്ലെന്ന നിലപാടാണ് നാടിനെ സംരക്ഷിക്കേണ്ട കേന്ദ്രങ്ങൾ സ്വീകരിക്കുന്നത്. അതിൽ പ്രധാനം കേന്ദ്ര സർക്കാരാണ്. കേന്ദ്ര ധനമന്ത്രിക്ക് സമർപ്പിക്കാനുള്ള നിവേദനത്തിൽ ഒപ്പിടാൻ ചില എംപിമാർ തയാറല്ലായിരുന്നു. സംസ്ഥാനത്തെ 18 വലത് എംപിമാർ എന്താണ് കേരളത്തിന്റെ പ്രശ്നങ്ങൾ ഉന്നയിക്കാത്തതെന്നും ചോദിച്ചു.
Leave A Comment