'സ്വന്തം പാർട്ടിക്കാർക്കെതിരെ പോലും 'രക്ഷാപ്രവർത്തനം'!: രൂക്ഷമായി വിമർശിച്ച് സതീശൻ
കൊച്ചി: നവ കേരള സദസ് ക്രിമിനലുകളുടെ സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുമ്പ് പല തവണ പ്രതിഷേധിച്ച പ്രതിപക്ഷ പാർട്ടിയിലെ പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായി. അന്നെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ 'രക്ഷാപ്രവർത്തനം' ഇപ്പോൾ സ്വന്തം പാർട്ടിക്കാർക്കെതിരെ പോലും അവർ പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നു. സ്വന്തം പാർട്ടിക്കാരെ പോലും തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള മനസ്ഥിതിയാണ് നവ കേരള സദസിന് എത്തുന്നവർക്കുളളത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പാർട്ടിക്കാർ എന്ന വ്യാജേനെ ഒരുകൂട്ടം ക്രിമിനലുകളാണ് ഈ സദസിനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിയും ഭരണ സംവിധാനവും പാലൂട്ടി വളർത്തുന്ന ക്രിമിനലുകൾ ഏറ്റവും ഒടുവിൽ അവരെ തന്നെ തിരിഞ്ഞു കൊത്തുവാൻ തുടങ്ങിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.കൊച്ചിയില്‍ ഇന്നലെ നടന്ന നവകേരള സദസിനിടെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് അംഗം റയീസാണ് പാര്‍ട്ടി വിട്ടത്. മറൈൻ ഡ്രൈവില്‍ നവകേരള സദസില്‍ പ്രതിഷേധിച്ച ഡെമോക്രാറ്റക്ക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ അടുത്തിരുന്നതിനാലാണ് തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്ന് റയീസ് പറഞ്ഞു.
പരിക്കേറ്റ റയീസ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ട്ടി അംഗമാണെന്ന് പറഞ്ഞിട്ടും അത് വകവക്കാതെ അമ്പതോളം പേര്‍ വളഞ്ഞിട്ട് മര്‍ച്ചിച്ചെന്ന് റയീസ് പറഞ്ഞു. ദേഹമാസകലം ഏറ്റ പരിക്കും അത് സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നായതിന്‍റെ മനോവേദനയും സഹിക്കാനാവാതെയാണ് ഇനി പാര്‍ട്ടിയിലില്ലെന്ന തീരുമാനം റയീസ് എടുത്തത്. എന്നാല്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.
Leave A Comment