രാഷ്ട്രീയം

പൊലീസ് വലയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല; എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം ശക്തമാക്കി എസ്എഫ്‌ഐ. ക്യാമ്പസില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുന്നതിനിടെ നേരിയ സംഘര്‍ഷം ഉണ്ടായി. പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. 

നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഗവര്‍ണറെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുന്നത്. അതിന് മുന്‍പായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നിക്കാനാണ് പൊലീസ് ശ്രമം. നിരവധി വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ കുത്തിയിരുന്നാണ് പ്രതിഷേധം നടത്തുന്നത്.നിലത്ത് കൈകോര്‍ത്ത് കിടന്ന വിദ്യാര്‍ഥികളെ പൊലീസ് വലിച്ചിഴച്ച് ബസിനുള്ളിലേക്ക് കയറ്റുകയായിരുന്നു.

ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പായി വിദ്യാര്‍ഥികളെ ക്യാമ്പസിനുള്ളില്‍ നിന്ന് നീക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന്് പിന്‍മാറില്ലെന്ന് എസ്എഫ്‌ഐക്കാര്‍ പറഞ്ഞു. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഞ്ഞൂറലധികം പൊലീസുകാരെ ക്യാമ്പസില്‍ വിനിയോഗിച്ചിട്ടുണ്ട്.

Leave A Comment