രാഷ്ട്രീയം

സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി കരുവന്നൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂരിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിനാകും മോദിയെത്തുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഐഎമ്മിനെതിരെ നിലപാട് കടുപ്പിച്ചതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്. പ്രധാനമന്ത്രിയെത്തുന്ന തിയതി നിശ്ചയിച്ചിട്ടില്ല.

പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്‍ജന്‍സിനോട് എസ്പിജി റിപ്പോര്‍ട്ട് തേടി. കരുവന്നൂരിനോട് ചേര്‍ന്ന് ഇരിങ്ങാലക്കുടയില്‍ വേദിയൊരുക്കൊനാണ് നീക്കം. തൃശൂര്‍ മണ്ഡലത്തില്‍ ചാവക്കാടും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനും പ്രധാനമന്ത്രിയെത്തിയേക്കും. കുന്നംകുളത്ത് പ്രധാനമന്ത്രി പങ്കെടുത്ത് പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ആലോചന.

വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലമായി ബിജെപി പരിഗണിക്കുന്ന മണ്ഡലമാണ് തൃശൂര്‍. കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പ്രധാന പ്രചാരണ ആയുധമാക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിനാല്‍ തന്നെ പ്രധാനമന്ത്രി തൃശൂരില്‍ എത്തിയേക്കുമെന്ന് മുന്‍പ് തന്നെ സൂചനയുണ്ടായിരുന്നു.

Leave A Comment