രാഷ്ട്രീയം

ലഡ്ഡുവിനും കേക്കിനും ഓര്‍ഡര്‍ ; കേരളത്തിൽ അക്കൗണ്ട് തുറന്നാൽ വന്‍ ആഘോഷത്തിന് ബിജെപി

തിരുവനന്തപുരം: നാളത്തേയ്ക്ക് ലഡ്ഡുവിനും കേക്കിനും ഓര്‍ഡര്‍ നല്കി കേരള ബി.ജെ.പി. നേതൃത്വം. കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാന്‍ ആണ് നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിലെ വിജയം ആഘോഷിക്കാന്‍തന്നെയാണ് ഒരുക്കമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി പറഞ്ഞു.

പുതിയ സംസ്ഥാന കാര്യാലയത്തിലാവും ആഘോഷങ്ങള്‍ നടക്കുക. മധുരത്തിന് പുറമേ വിജയം ആഘോഷമാക്കാനുള്ള ചെണ്ടമേളം, എല്‍.ഇ.ഡി. വാള്‍ എന്നിവയ്ക്കും ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

തങ്ങളുടെ നിഗമനം ശരിവെക്കുന്ന തരത്തിലാണ് എക്‌സിറ്റ് പോളുകളെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന സജീവ പ്രതീക്ഷ നേതൃത്വത്തിനുണ്ട്. പ്രധാനനേതാക്കളെല്ലാം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരന്‍ തിരുവനന്തപുരത്ത് തുടരുകയാണ്. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ചയോടെ തലസ്ഥാനത്തെത്തി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും തലസ്ഥാനത്തേക്ക് എത്തിച്ചേരുമെന്നും സി. ശിവന്‍കുട്ടി അറിയിച്ചു.

Leave A Comment