രാഷ്ട്രീയം

സിപിഎമ്മിലെ യുവ നേതാവ് യുഡിഎഫ് സ്ഥാനാർത്ഥി; കൊടുങ്ങല്ലൂര്‍ സിപിഎമ്മിൽ പൊട്ടിത്തെറി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സിപിഎമ്മിലെ യുവ നേതാവ് വന്നതോടെ സിപിഎമ്മിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥിയായ കിരൺ കെ ആറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. സിപിഎം നേതൃത്വത്തിന് മറുപടിയുമായി കിരൺ കെ ആറും രംഗത്ത് വന്നു. 

കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടികയിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സിപിഎമ്മിലെ യുവ നേതാവ് കിരൺ കെ ആർ ഇന്റെ പേരും ഇടം പിടിച്ചത്. ഇതോടെ സിപിഐഎമ്മിന്റെ മേത്തല ലോക്കലിലെ മേത്തലപ്പാടം ബ്രാഞ്ച് അംഗമായ കിരണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഏരിയ സെക്രട്ടറി വാർത്ത കുറിപ്പ് ഇറക്കി.

സംഘടനാ അച്ചടക്കങ്ങൾ ലംഘിച്ച് സ്വന്തം സ്വാർത്ഥ താൽപര്യങ്ങളുടെയും അധികാരമോഹങ്ങളുടെയും ഭാഗമായാണ് കിരൺ യുഡിഎഫ് സ്ഥാനാർത്ഥിയായത് എന്ന് വാർത്ത കുറിപ്പിൽ  സിപിഐഎം ഏരിയ സെക്രട്ടറി കുറ്റപ്പെടുത്തി. കിരണിനെപ്പോലുള്ള അധികാരമോഹികളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് പുറത്തുവന്നിരിക്കുന്നത് എന്നും വാർത്താക്കുറുപ്പിൽ പറയുന്നു.

എന്നാൽ താൻ യുഡിഎഫ് സ്ഥാനാർത്ഥി ആയിട്ടല്ല സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത് എന്നാണ് കിരൺ പറയുന്നത്. യുഡിഎഫ് നേതൃത്വം തന്റെ നിലപാടുകളോട് ഐക്യപ്പെടുകയാണ് ഉണ്ടായത്. അഴിമതിയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിപ്പിക്കുന്നത് എന്തിനാണെന്ന് കിരൺ ചോദിക്കുന്നു. ബാങ്കിന്റെ മിക്ക ബ്രാഞ്ചുകളും നഷ്ടത്തിലാണ് ഓടുന്നത്.  കൃത്യമായ ഡിവിഡന്റ് വിതരണവും നടക്കുന്നില്ല. ബാങ്ക് നിയമനങ്ങളിൽ സിപിഐഎം പ്രവർത്തകരെ തഴഞ്ഞുകൊണ്ട് നേതാക്കളുടെ സ്വന്തക്കാർക്ക് മാത്രമാണ് നിയമനം നൽകിയിട്ടുള്ളതെന്നും കിരൺ സൂചിപ്പിക്കുന്നു.

ഇങ്ങനെ സിപിഐഎമ്മിനെ പ്രതിരോധത്തിൽ ആക്കിക്കൊണ്ട് ഒരു ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ തന്നെ ഒരു യുവ നേതാവ് രംഗത്ത് വന്നത് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.

Leave A Comment