രാഷ്ട്രീയം

രഹസ്യങ്ങൾ ആകാശിന്, പ്രതിഫലം സ്വർണം; ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ പാർട്ടി അ​ന്വേ​ഷ​ണം

കണ്ണൂർ: ആകാശ് തില്ലങ്കേരി വിവാദം കത്തുന്നതിനിടെ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ എം. ഷാജറിനെതിരേ പാർട്ടിതല അന്വേഷണം.

കണ്ണൂരിലെ സ്വർണക്കടത്ത് സംഘങ്ങളിൽനിന്നു ലാഭവിഹിതമായി സ്വർണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിയുമായി അടുത്തബന്ധം പുലർത്തുന്നു, പാർട്ടി ചർച്ചകൾ ആകാശിന് ചോർത്തിക്കൊടുക്കുന്നു എന്നിവ ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം.

ആകാശുമായി ഷാജർ സംസാരിക്കുന്ന വാട്ട്സ്ആപ്പ് ഓ‍ഡിയോയുടെ പകർപ്പ് സഹിതമാണ് പരാതി നൽകിയത്. ജില്ലാ കമ്മിറ്റിയംഗം മനു തോമസ് നൽകിയ പരാതിയിലാണ് അന്വേഷണം.

ഷാജർ ജില്ലാ സെക്രട്ടറിയായിരിക്കെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് ആയിരുന്ന മനു തോമസ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രനാണ് അന്വേഷണച്ചുമതല. പരാതിക്കാരനിൽനിന്ന് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തു.

ആഭ്യന്തര അന്വേഷണമായതിനാൽ പാർട്ടിയുടെ അനുമതിയില്ലാതെ ഇതേക്കുറിച്ച് പ്രതികരിക്കാൻ മനു തോമസ് തയാറായില്ല. ആകാശിന്‍റെ നേതൃത്വത്തിലുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരേ ഡിവൈഎഫ്ഐയിൽ കർശന നിലപാടെടുത്തയാൾ മനു തോമസായിരുന്നു.

ഇതോടെ ആകാശും കൂട്ടാളികളും മനുവിനെതിരേ സൈബർ ആക്രമണം രൂക്ഷമാക്കി. ഇതിന് പിന്നിൽ നിഴലായിനിന്നത് ഈ സംഘങ്ങളുമായി അടുപ്പം പുലർത്തുന്ന ഷാജറാണെന്ന് മനസിലായതോടെയാണ് മനു തോമസ് ജില്ലാ നേതൃത്വത്തിന് തെളിവടക്കം പരാതി നൽകിയത്.

Leave A Comment