'മദ്യപാനത്തിൽ ഇളവോ?' വി.എം. സുധീരൻ ഉടക്കി; കോൺഗ്രസ് അധ്യക്ഷന് കത്തെഴുതി
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്ലീനറിയിലുണ്ടായ പാര്‍ട്ടി ഭരണഘടനാ ഭേദഗതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. പാര്‍ട്ടി പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളില്‍ മദ്യവര്‍ജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് നല്‍കിക്കൊണ്ടുള്ള തീരുമാനം വളരെ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി സുധീരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു.
മദ്യവര്‍ജനവും ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവും പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുദ്രാവാക്യവും അഭിമാനകരമായ സവിശേഷതയുമായിരുന്നെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഗാന്ധിയന്‍ മൂല്യങ്ങളെയും തള്ളിപ്പറയുകയാണ്. ഇക്കാലത്ത് ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടാത്തതുകൊണ്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്ന വാദം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മദ്യ ഉപയോഗം വലിയൊരു പൊതുജനാരോഗ്യ വിഷയവും സാമൂഹ്യപ്രശ്‌നവുമായി ഉയര്‍ന്നുവരുന്ന കാലത്താണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതെന്നതും ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. പ്ലീനറി സമ്മേളനത്തില്‍ ഉണ്ടായിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ മദ്യവില്‍പനയെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.
Leave A Comment