അനിൽ ആന്റണിയെ ബിജെപി ലോക്സഭ സ്ഥാനാർത്ഥിയാക്കും, ചാലക്കുടിയിൽ പരിഗണന
തിരുവനന്തപുരം: അനിൽ ആൻറണിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നും മത്സരിപ്പിക്കാൻ ബിജെപി ആലോചന. അനിലിന് പിന്നാലെ പലരും ഇനിയുമെത്തുമെന്നും ബിജെപി പ്രചാരണമുണ്ട്. അനിലിനെ പൂർണ്ണമായും തള്ളിപ്പറയുമ്പോഴും നേതൃത്വവുമായി ഉടക്കി നിൽക്കുന്ന നേതാക്കളുടെ ഇനിയുള്ള നീക്കങ്ങളിൽ കോൺഗ്രസ്സിന് ആശങ്ക ബാക്കിയാണ്.
ആൻറണിയുടെ മകനെ പാർട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായി ബിജെപി കാണുന്നു. എല്ലാ കാലത്തും ബിജെപിയെ ശത്രുപക്ഷത്ത് നിർത്തിയ അതികായന്റെ മകന്റെ വരവിൽ പാർട്ടിക്ക് കണക്ക് കൂട്ടലേറെ. കോൺഗ്രസിൽ ഐടി വിഭാഗത്തിലെ സേവനത്തെക്കാൾ എകെയുടെ മകൻ എന്ന നിലക്കുള്ള കൂടുതൽ പരിഗണന നൽകാനാണ് ബിജെപി ആലോചന. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ ഇറക്കാൻ വരെ സാധ്യതയേറെ.
ലോക് സഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് കോൺഗ്രസ്സിലെ പ്രമുഖരായ ചിലർ ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അനിലിന്റെ വരവ് തുടക്കമായി ബിജെപി പറയുന്നു. അച്ചനെ ചതിച്ച മകൻ എന്ന നിലക്കാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ അനിലിനെ പഴിക്കുന്നത്.
Leave A Comment