രാഷ്ട്രീയം

അങ്കമാലി നഗരസഭയിൽ പ്രതിപക്ഷ ബഹളം: കൗൺസിൽ യോഗം തടസ്സപ്പെട്ടു

അങ്കമാലി : പ്രതിപക്ഷ ബഹളത്തേത്തുടർന്ന് അങ്കമാലി നഗരസഭയിൽ വെള്ളിയാഴ്ചചേർന്ന കൗൺസിൽ യോഗം തടസ്സപ്പെട്ടു. കൗൺസിലിൽ ചർച്ച ചെയ്യാതെയും കൂടിയാലോചിക്കാതെയും നഗരസഭ പരിപാടികൾ നടപ്പാക്കുന്നു എന്നാരോപിച്ചായിരുന്നു ബഹളം.

ശനിയാഴ്ച നിശ്ചയിച്ചിട്ടുള്ള ടർഫ് കോർട്ടിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലറെപ്പോലും അറിയിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിഷേധത്തേത്തുടർന്ന് കൂടാൻ കഴിയാതിരുന്ന കൗൺസിൽ യോഗം വീണ്ടും ഒരു മണിക്ക് ചേരുമെന്ന അറിയിപ്പോടെ ചെയർമാൻ ഇറങ്ങിപ്പോയി.

തുടർന്ന് ഒരുമണിക്ക് കൗൺസിൽ യോഗം നടത്താൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം കൗൺസിൽ ഹാൾ ഉപരോധിച്ചതിനാൽ നടന്നില്ല. ചെയർമാന്റെ ചേംബറിൽ യു.ഡി.എഫ്. കൗൺസിലർമാർ യോഗം ചേർന്നെങ്കിലും ചേംബറിന് മുന്നിലും പ്രതിപക്ഷം മണിക്കൂറുകളോളം ഉപരോധസമരം നടത്തി. പോലീസ് എത്തി പ്രതിപക്ഷ കൗൺസിലർമാരെ അറസ്റ്റ്ചെയ്ത് നീക്കി.

പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ. ജോഷി, കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, ലേഖ മധു, അജിത ഷിജോ, രജിനി ശിവദാസൻ, സരിത അനിൽകുമാർ, മോളി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Comment