പ്രധാന വാർത്തകൾ

കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന വിജിലന്‍സിനും കേസെടുക്കാം: ഹൈക്കോടതി

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന വിജിലന്‍സിനും കേസെടുക്കാമെന്ന് ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരവും അതുമായി ബന്ധപ്പെട്ട ഐപിസി ആക്റ്റും ഉപയോഗിച്ച് കേസെടുക്കാമെന്ന് കോടതി നിരീക്ഷിച്ചു.

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രധാന നിരീക്ഷണം. ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാനത്തിന് കീഴില്‍ വരുന്ന അഴിമതിക്ക് ഏത് ഉദ്യോഗസ്ഥനെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന പ്രകാരം കേസ് വന്നാല്‍ അത് ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനാണ് വിജിലന്‍സ് മാനുവലില്‍ പറയുന്നത്.

എന്നാല്‍ മാനുവല്‍ അന്വേഷണത്തിനുള്ള മാര്‍ഗരേഖ മാത്രമാണെന്നും അത് നിയമമല്ലെന്നും കോടതി പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയും വിജിലന്‍സിന് കേസെടുക്കാം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അവര്‍ക്കെതിരേ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭരണനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ മൂന്ന് ബാങ്ക് ജീവനക്കാര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ മാനുവല്‍ അനുസരിച്ച് കേസെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം വിജിലന്‍സ് കോടതി ഇവരെ കുറ്റവിമുക്തരാക്കി.

ഈ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.

Leave A Comment