പ്രധാന വാർത്തകൾ

നാട്ടിലിറങ്ങിയ കൊമ്പന്മാരെ തുരത്താൻ കുങ്കിയെ കൊണ്ടുവന്നു; രാത്രിയിൽ കാട്ടാനകൾക്കൊപ്പം 'ഒളിച്ചോടി'

ഊട്ടി: നാടുവിറപ്പിച്ച കാട്ടുകൊമ്പന്മാരെ തുരത്താനെത്തിയ കുങ്കിയാന കാട്ടാനകൾക്കൊപ്പം മുങ്ങിയത് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് തലവേദനയായി. പന്തല്ലൂരിലിറങ്ങിയ കാട്ടാനകളെ വിരട്ടി കാടുകയറ്റാനാണ് കുങ്കിയാനയെ കൊണ്ടുവന്നത്. എന്നാൽ, മനംമാറിയ കുങ്കിയാന കാട്ടാനകൾക്കൊപ്പം മുങ്ങി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുറേ ദിവസമായി പന്തല്ലൂർ, ഇരുമ്പ് പാലം മേഖലകളിൽ ‘കട്ടക്കൊമ്പൻ’, ‘ബുള്ളറ്റ്’ എന്നീ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടം വരുത്തുകയും ജനങ്ങൾക്ക് ഭീഷണിയുമാകുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കാട്ടുകൊമ്പന്മാരെ തുരത്താൻ മുതുമലയിൽനിന്നു വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ എത്തിച്ചു.

വ്യാഴാഴ്ച രാത്രി‌യാണ് ഓപ്പറേഷൻ തുടങ്ങിയത്. കാട്ടാനകളെ ത‌‌‌ട‌യാൻ കാട്ടാനകൾ വരുന്നവഴിയിൽ കുങ്കിയാനകളെ തളച്ച് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കാത്തിരുന്നു. രാത്രി എട്ടോടെ പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. മഞ്ഞ് മാറിയപ്പോൾ ശ്രീനിവാസൻ എന്ന കുങ്കിയാനയെ കാണാതായി. ചങ്ങല വേർപ്പെടുത്തിയാണ് ശ്രീനിവാസൻ സ്ഥലം വിട്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥരും പാപ്പാന്മാരും പരിസരം മുഴുവൻ തിരഞ്ഞെങ്കിലും കണ്ടില്ല. എന്നാൽ രാത്രി 12 മണിയോടെ കാട്ടുകൊമ്പന്മാർക്കൊപ്പം ശ്രീനിവാസനെ കണ്ടെത്തി. ഏറെ നേരത്തെ ശ്രമഫലമായി ഉദ്യോ​ഗസ്ഥരും പാപ്പാന്മാരും കുങ്കിയാനകളുടെ സഹായത്തോടെ ശ്രീനിവാസനെ തിരിച്ചെത്തിച്ചു. എന്നാൽ വെള്ളിയാഴ്ച രാവിലെ ശ്രീനിവാസനെ തേടി കാട്ടാനകൾ എത്തി.

ഇവരെ വനപാലകർ തുരത്തി. പന്തല്ലൂരിൽ നിന്ന് തന്നെയാണ് വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസനെ പിടികൂടിയത്. മുതുമല തൊപ്പക്കാട് ആനസങ്കേതത്തിൽ കൊണ്ടുപോയി കുങ്കിയാനയാക്കി മെരുത്തി. ശ്രീനിവാസന്റെ അന്നത്തെ കൂട്ടുകാർക്കൊപ്പമായിരിക്കാം അവൻ പോയതെന്നാണ് വനപാലകരുടെ നി​ഗമനം. എന്തായാലും ശ്രീനിവാസനെ തിരിച്ചുകി‌ട്ടിയ സന്തോഷത്തിലാണ് വനംവകുപ്പ്.

Leave A Comment