പ്രധാന വാർത്തകൾ

മാള കാവനാട് 14ആം വാര്‍ഡ് ഉള്‍പ്പെടെ 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്

മാള: മാള പഞ്ചായത്തിലെ കാവനാട് 14ആം വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബര്‍ 12നും വോട്ടെണ്ണല്‍ 13നും നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നാളെ മുതല്‍ 23 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 24ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക 27 വരെ പിന്‍വലിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളില്‍ ഉപതെരഞ്ഞെടുപ്പുള്ള വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടമുള്ളത്. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ 4000 രൂപയും ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവയുടെ പകുതി തുക മതിയാകും. 33 വാര്‍ഡുകളിലായി നാല് പ്രവാസി വോട്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ 1,43,345 വോട്ടര്‍മാരുണ്ട്. 67,764 പുരുഷന്മാരും 75,581 സ്ത്രീകളും അതില്‍ ഉള്‍പ്പെടും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ രാജിയോ മരണമോ അയോഗ്യതയോ മൂലമുണ്ടായ ഒഴിവ് നികത്തുന്നതിനാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Leave A Comment