പ്രധാന വാർത്തകൾ

പെന്‍ഷന്‍ മുടങ്ങി; പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത്; ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു. മുതുകാട് വളയത്ത് ജോസഫാണ് മരിച്ചത്. 77 വയസായിരുന്നു. അഞ്ചുമാസമായി ഇയാള്‍ക്ക് വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. പെന്‍ഷന്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

പെന്‍ഷന്‍ ലഭിക്കാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് പറയാനാവില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വിശദീകരിച്ചു. നേരത്തെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഒറ്റയ്ക്കാണ് താമസം. ഏക മകള്‍ ജിന്‍സിയും ഭിന്നശേഷിക്കാരിയാണ്. ഇവര്‍ കോഴിക്കോട്ട ഒരു അനാഥാലയത്തിലാണ്. 

അഞ്ച് മാസമായി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 9ന് ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് ജോസഫ് കത്ത് നല്‍കിയിരുന്നു. കടംവാങ്ങിച്ചു മടുത്തെന്നും ഇനി മുന്നോട്ട് ജീവിക്കാനാവില്ലെന്നും കത്തില്‍ പറയുന്നു.  പതിനഞ്ചുദിവസത്തിനുള്ളില്‍ എന്റെയും മകളുടെയും പെന്‍ഷന്‍ തരുന്നില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ച് പഞ്ചായത്ത് ഓഫീസിലെത്തി ആത്മഹത്യചെയ്യുമെന്നായിരുന്നു അദ്ദേഹം കത്തില്‍ എഴുതിയത്.

Leave A Comment