ഷാരോണിന്‍റെ മരണം കൊലപാതകം: കഷായത്തിൽ വിഷം കലർത്തി, കുറ്റം സമ്മതിച്ച് പെൺകുട്ടി
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഷാരോണിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഷാരോണിന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് സുഹൃത്തായ പെൺകുട്ടി അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി.
ഷാരോണിനു നൽകിയ കഷായത്തിൽ വിഷപദാർഥം കലർത്തിയെന്നാണ് വിവരം. ഇന്ന് എട്ട് മണിക്കൂറുകളോളം ക്രൈംബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തിരുന്നു. നീണ്ട ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയിരുന്നു.
പെൺകുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പെൺകുട്ടി കുറ്റസമ്മതം നടത്തി. ഈ മാസം 14നാണ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഷാരോൺ കഷായം കഴിച്ചത്. 15 ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16ന് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി.
ആരോഗ്യനില മോശമായതിനെ തുടർന്ന് 17ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കഷായം കഴിച്ച വിവരം ഷാരോൺ ഡോക്ടർമാരോട് പറഞ്ഞില്ല. ആരോഗ്യനില മോശമായതോടെ, 20 ന് മജിസ്ട്രേറ്റും 21ന് പോലീസും മൊഴി രേഖപ്പെടുത്തി. എന്നാൽ ഈ മൊഴികളിലൊന്നും ആർക്കെതിരേയും പരാതി പറഞ്ഞില്ല. 25ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഷാരോൺ മരിച്ചു.
Leave A Comment